അഞ്ചുതെങ്ങ്, മൂലൈതോട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


ചിറയിന്‍കീഴ്‌ : അഞ്ചുതെങ്ങ് നെടുങ്ങണ്ട ഒന്നാംപാലത്തിനുസമീപം മൂലൈതോട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരുമാതുറ ഊട്ടുവിളാകം ഹൗസില്‍ ഇക്ബാലിന്‍േ്‌റയും കനീമയുടേയും മകന്‍ നസീഫ്(19)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേമുക്കാലിനാണ് അപകടം. സ്‌കൂട്ടറിനു പിന്നിലിരിക്കുകയായിരുന്നു നസീഫ്. വര്‍ക്കലയില്‍ നിന്നും അഞ്ചുതെങ്ങിലേയ്ക്ക് വരികയായിരുന്ന നസീഫും സുഹൃത്തായ താരിക്കും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ അഞ്ചുതെങ്ങില്‍ നിന്നും വര്‍ക്കലയ്ക്കു പോവുകയായിരുന്ന കാര്‍ ഇടിച്ചുതെറിപ്പിയ്ക്കുകയായിരുന്നു. അപകടത്തെതുടര്‍ന്ന് തെറിച്ചുവീണ ഇരുവരേയും കൂടെയുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കള്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും 4.20 ഓടെ നസീഫ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ താരിക്ക് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഠിനംകുളം മുണ്ടന്‍ചിറയിലെ എം.സി.എ. എന്ന ഐസ് കമ്പനിയിലെ ജീവനക്കാരായിരുന്നു നസീഫും താരിഖും.മത്സ്യപെട്ടികളില്‍ ഐസ്‌നിറച്ചശേഷം വാഹനങ്ങളില്‍ കയറ്റുന്ന ജോലിയാണ് ഇരുവര്‍ക്കും. രാത്രിയിലുള്ള ജോലിയായതിനാല്‍ തിങ്കളാഴ്ച നേരത്തെതന്നെ പണി കഴിഞ്ഞിരുന്നു. തുടര്‍ന്ന് നസീഫും താരിഖും ഉള്‍പ്പെടെ എട്ടുപേര്‍ അടങ്ങിയ സംഘം ബീച്ച് സന്ദര്‍ശനത്തിന് രാവിലെ പത്തിന് വര്‍ക്കല പാപനാശത്തേയ്ക്ക് പോവുകയായിരുന്നു. പാപനാശം ബീച്ചില്‍ സമയം ചെലവഴിച്ചശേഷം ഭക്ഷണം കഴിച്ച് തിരികെ വീട്ടിലേയ്ക്ക് വരുന്ന വഴിയില്‍ നെടുങ്ങണ്ട മൂലൈത്തോട്ടത്തുവച്ചാണ് അപകടം സംഭവിച്ചത്.

Recomended products