ആറ്റിങ്ങലിലെ നിരത്തുകളില്‍ നായ്ക്കള്‍ വാഴുന്നു


ആറ്റിങ്ങല്‍ : ആറ്റിങ്ങലില്‍ ദേശീയപാതയുള്‍പ്പെടെയുളള റോഡുകളില്‍ തെരുവ് നായക്കള്‍ സ്വൈര വിഹാരം നടത്തുന്നു. നാടുനീളേ നായ്ക്കള്‍ ആളുകളെ കടിച്ച് കീറുമ്പോഴാണ് ആയിരക്കണക്കിന് സ്‌കൂള്‍കുട്ടികള്‍ നടക്കുന്ന റോഡുകളില്‍ നായ്ക്കള്‍ ഭീതി വിതച്ച് അലഞ്ഞു തിരിയുന്നത്. കച്ചേരി നട, മാര്‍ക്കറ്റ് റോഡ്, കിഴക്കേനാലുമുക്ക്, കരിച്ചയില്‍, മുനിസിപ്പല്‍ ബസ് സ്റ്റാന്റ്, അട്ടക്കുളം, ഗ്രാമം റോഡ്, കൊല്ലമ്പുഴപാലം എന്നിവിടങ്ങളിലാണ് നായ്ക്കള്‍ കൂട്ടത്തോടെയെത്തുന്നത്. നടന്ന് പോകുന്നവരെ ആക്രമിക്കാന്‍ തുനിയുന്ന നായ്ക്കള്‍ യാത്രക്കാര്‍ക്ക് വലിയ ഭീഷണിയായിമാറിയിട്ടുണ്ട്. ഇരു ചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും നായക്കള്‍ ഭീഷണിയാണ്. കൊല്ലമ്പുഴ പാലത്തിന് സമീപം ഇറച്ചിക്കടകളില്‍ നിന്നുളള മാലിന്യങ്ങള്‍ തള്ളുന്നുണ്ട്. ഇത് തിന്നാനെത്തുന്ന നായ്ക്കള്‍ രാത്രിയും പകലും റോഡില്‍ തലങ്ങും വിലങ്ങും ഓടുന്നതും കടിപിടികൂടുന്നതും നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാണ്. നായ്ക്കളെ ഇടിച്ച് മറിഞ്ഞ് വീണ് പരിക്കേറ്റ നിരവധി ബൈക്ക് യാത്രക്കാരുണ്ട്. നഗരത്തിനുള്ളിലെ ദേശീയപാതയിലും പാലസ് റോഡിലും ഇടറോഡുകളിലുമെല്ലാം പകല്‍ നേരത്തും നായ്ക്കള്‍ കൂട്ടത്തോടെ അലഞ്ഞ് തിരിയുന്നുണ്ട്. ഇവയെ നിയന്ത്രിക്കാന്‍ നടപടിവേണമെന്നാണ് ജനത്തിന്റെ ആവശ്യം.     street dogs attingal

Recomended products