കാൽനൂറ്റാണ്ടുകാലമായി തരിശുകിടന്ന മേലാറ്റിങ്ങൽ കിഴക്കനേലായിൽ വീണ്ടും നെൽക്കൃഷിക്കു തുടക്കമായി. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കർഷകക്കൂട്ടായ്മയാണ് പത്തേക്കറോളം പാടത്തിൽ നെൽക്കൃഷി നടത്തുന്നത്.
പ്രദേശത്തെ മുതിർന്ന കർഷകനായ എം.തങ്കപ്പൻപിള്ള, ജെ.മുരാരി എന്നിവരെയും വിദ്യാർത്ഥിക്കർഷകനായ വി.ദീപിനെയും ആദരിച്ചു.
ഞാറുനടീൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.
കിളിമാനൂർ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.രാമു, ആർ.രാജു, രജി, സി.ജെ.രാജേഷ്‌കുമാർ, സി.വി.അനിൽകുമാർ, ബി.പ്രഭാകരൻ, പി.സുകേശൻ എന്നിവർ പങ്കെടുത്തു.
ഒരുകാലത്ത് കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്ന ഏലായാണ് മേലാറ്റിങ്ങൽ കിഴക്കനേല. വലിയൊരു ജനവിഭാഗത്തിന്റെ ഉപജീവനവുമായിരുന്നു കൃഷി.
കൃഷി നഷ്ടമായതോടെ പലരും നെൽപ്പാടങ്ങൾ തരിശ്ശിട്ടു. കാടുകയറിക്കിടന്ന പാടങ്ങളാണ് ഇപ്പോൾ വെട്ടിത്തെളിച്ച് ഉഴുതുമറിച്ച് കൃഷിക്ക് ഉപയോഗയോഗ്യമാക്കിയിരിക്കുന്നത്. നാട്ടുകാർ ആവേശത്തോടെയാണ് കൃഷിപ്പണികളിൽ പങ്കാളികളാകുന്നത്