അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതി ശ്രദ്ധേയമാകുന്നു. ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗവുമായി സഹകരിച്ചാണ് ഒപ്പം എന്ന പേരിലുള്ള ഈ കൗൺസിലിംഗ് പരിപാടി. നഗരസഭാ പരിധിയിൽ താമസിക്കുന്ന കോവിഡ് രോഗികളെ ഫോൺ വഴി ബന്ധപ്പെട്ട് അവരുടെ ആരോഗ്യകാര്യങ്ങൾ അന്വേഷിക്കുകയും അവർക്ക് വേണ്ട ആശ്വാസം നൽകുകയുമാണ് കുട്ടിപ്പോലീസ് ടീം ചെയ്യുന്നത്.
സ്കൂളിലെ പയനിയർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ശ്രീക്കുട്ടിയാണ് ഈ പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. നഗരസഭ ആരോഗ്യ വിഭാഗം നൽകുന്ന ലിസ്റ്റിൽ നിന്ന് അതാത് ദിവസം ഉള്ള പോസിറ്റീവ് കേസുകൾ കണ്ടെത്തുകയും അവരെ ഫോണിൽ ബന്ധപ്പെട്ട് സമാശ്വാസം എത്തിക്കുകയുമാണ് കേഡറ്റുകൾ ചെയ്യുന്നത്. പി.വിജയൻ ഐ.പി.എസ്.ൻ്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയും നൻമ ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന ഡോക്ടേഴ്സ് ഡെസ്കിനെ കേഡറ്റുകൾ രോഗികൾക്ക് പരിചയപ്പെടുത്തുകയും അതുവഴി അവരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഡോക്ടർമാരുടെ സൗജന്യസേവനം ഉറപ്പാക്കുകയും ചെയ്യുന്നു.
ഫോൺ വിളിക്കുമ്പോൾ അവരുടെ സാഹചര്യങ്ങൾ കുട്ടികൾ മനസിലാക്കുന്ന കേഡറ്റുകൾ സഹായമാവശ്യപ്പെടുന്നവർക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നൽകുകയും ചെയ്യുന്നു. തുടർ പ്രവർത്തനമായി വീണ്ടും ആവശ്യമെങ്കിൽ വിളിച്ച് ആരോഗ്യസ്ഥിതി വിലയിരുത്താനും കേഡറ്റുകൾ ശ്രദ്ധിക്കുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കമ്മൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു എന്നിവർ കേഡറ്റുകൾക്ക് നിർദ്ദേശങ്ങൾ നൽകി ഒപ്പമുണ്ട്.