ആറ്റിങ്ങല്‍: നിയന്ത്രണംവിട്ട വാഹനമിടിച്ച് മാമം പാലത്തിന്റെ സുരക്ഷാവേലി തകര്‍ന്നിട്ട് ആറ് മാസമാകുന്നു. അപകടസാധ്യതകൂടിയ മേഖലയായിരുന്നിട്ടുകൂടി ഈ വേലി നന്നാക്കി യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ നടപടികളുണ്ടായിട്ടില്ല.
തിരുവനന്തപുരം ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേയ്ക്ക് വന്ന കാറാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ പടിഞ്ഞാറ് വശത്തെ സുരക്ഷാവേലിയിലിടിച്ച് നിന്നത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തെത്തുടര്‍ന്ന് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുരക്ഷാവേലി നന്നാക്കുന്നതിനുള്ള തുക പൊതുമരാമത്ത് വകുപ്പ് ഈടാക്കിയശേഷമാണ് വാഹനം വിട്ടുനല്കിയത്. എന്നാല്‍ നാളിതുവരെ വേലി നന്നാക്കാന്‍ നടപടികളുണ്ടായിട്ടില്ല.
തിരുവനന്തപുരത്ത് നിന്ന് വരുമ്പോള്‍ ഈ ഭാഗത്ത് വാഹനങ്ങള്‍ വേഗതകൂട്ടുമ്പോഴാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാറുണ്ട്. പാലത്തിന്റെ സുരക്ഷാവേലി അടിയന്തിരമായി നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വേലിനന്നാക്കാനുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായതായും ഉടന്‍ പണികള്‍ ആരംഭിക്കുമെന്നും പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്‍ഡ് എഞ്ചിനീയര്‍ വി.വിശ്വലാല്‍ അറിയിച്ചു.