ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കൊട്ടാരത്തിന്റെ നവീകരണനടപടികള്‍ നീളുന്നു. ചരിത്രപ്പെരുമയുടെ തലയെടുപ്പുമായി നിന്നിരുന്ന മുഖമണ്ഡപം ഏതുനിമിഷവും പൊളിഞ്ഞുവീഴുമെന്ന നിലയിലാണിപ്പോള്‍. കൊട്ടാരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന ദേവസ്വംബോര്‍ഡധികൃതരുടെ ഉറപ്പും പാഴാവുകയാണ്.
കൊട്ടാരംവക ക്ഷേത്രങ്ങളും അതിനോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും ഊട്ടുപുരയും മുഖമണ്ഡപവുമെല്ലാം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലാണിപ്പോള്‍. തിരുവിതാംകൂര്‍ രാജവംശത്തിന്റെ അമ്മവീടെന്ന നിലയില്‍ ഈ കൊട്ടാരത്തിന് ചരിത്രപ്രാധാന്യമുണ്ട്.
ഏകദേശം പത്തേക്കറിലാണ് കൊട്ടാരസമുച്ചയം. കേരളീയ വാസ്തുശില്പ മാതൃകയില്‍ കല്ലും മരവുംകൊണ്ടാണ് നിര്‍മാണം. മണ്ഡപക്കെട്ടിനുള്ളിലെ പള്ളിയറഭഗവതിയുടെ ആസ്ഥാനം ഉള്‍പ്പെടെ നാല് ക്ഷേത്രങ്ങളാണ് ഇതിനുള്ളിലുള്ളത്. കൊട്ടാരത്തിന് പുറത്ത് കിഴക്കുഭാഗത്തായി രണ്ട് എടുപ്പുകളുണ്ട്. ഇവയിലൊന്ന് ആവണിപുരം ശ്രീകൃഷ്ണക്ഷേത്രത്തിലേക്കുള്ള പ്രവേശനവഴിയില്‍ ചാവടി എന്നറിയപ്പെടുന്ന ഗോപുരവാതിലാണ്. ജീര്‍ണാവസ്ഥയിലായിരുന്ന ഈ മണ്ഡപം കൊട്ടാരം കുടുംബാംഗങ്ങള്‍ ഇടപെട്ട് അടുത്തകാലത്ത് പുതുക്കിപ്പണിതു.
ചാവടിക്ക് സമീപത്തായി വളരെ ഉയര്‍ന്നസ്ഥാനത്താണ് പഴയകൊട്ടാരം. മണ്ഡപക്കെട്ട് എന്നറിയപ്പെടുന്ന കൊട്ടാരത്തിന് എട്ടുകെട്ടിന്റെ മാതൃകയാണ്. വളരെ വിശാലമായ മുഖമണ്ഡപമുണ്ട്. ഇതു മുഴുവന്‍ ജീര്‍ണാവസ്ഥയിലാണ്. മേല്‍ക്കൂരയിലെ ഓട് തകര്‍ന്നു വെള്ളം ഒഴുകിയിറങ്ങി തടികള്‍ ദ്രവിച്ച് ഒടിഞ്ഞുവീണു തുടങ്ങി. ഗോപുരമുകളില്‍ കയറാനുള്ള ഗോവണിയും തട്ടുമെല്ലാം പൊളിഞ്ഞുപോയി.
മണ്ഡപക്കെട്ടിന്റെ ഭൂരിഭാഗവും തടികൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. ചുറ്റോടുചുറ്റുമുള്ള തറയില്‍ തറയോട് പാകിയിട്ടുണ്ട്. അരികില്‍ പാകിയിട്ടുള്ള കരിങ്കല്ലില്‍ തൂണുകള്‍ നാട്ടി അതിന്മേലാണ് കെട്ടിടത്തില്‍നിന്നുള്ള ഇറക്ക് ഘടിപ്പിച്ചിട്ടുള്ളത്. ഇവയെല്ലാം നാശത്തിന്റെ വക്കിലാണ്.
എഴുന്നൂറ് കൊല്ലത്തിലധികം പഴക്കമുള്ള മണ്ഡപക്കെട്ടിനകത്താണ് പള്ളിയറഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം. ഇതിനു പുറകിലായി വിശാലമായ ഊട്ടുപുര. ഈ മണ്ഡപക്കെട്ടില്‍ അടുത്തകാലംവരെ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രകലാപീഠം പ്രവര്‍ത്തിച്ചിരുന്നു. ഈ കേന്ദ്രം ദേവസ്വംബോര്‍ഡ് നിര്‍ത്തലാക്കിയതോടെ കൊട്ടാരക്കെട്ടിനുള്ളില്‍ ആളനക്കവുമില്ലാതായി.
കൊട്ടാരം നവീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആവശ്യം മുറുകുമ്പോള്‍ ദേവസ്വംബോര്‍ഡധികൃതര്‍ ഒരു സന്ദര്‍ശനം നടത്തുന്നതൊഴികെ മറ്റൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല.
ജൂണ്‍ 13-ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍, അംഗം കെ.പി.ശങ്കരദാസ്, ചീഫ് എന്‍ജിനീയര്‍ ജി.എല്‍.വിനയകുമാര്‍ എന്നിവര്‍ കൊട്ടാരം സന്ദര്‍ശിക്കുകയും നാട്ടുകാരും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തുകയും ചെയ്തു. ദേവസ്വംബോര്‍ഡിന്റെ കൈവശമുള്ള കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുമെന്നും ഇതിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും പ്രസിഡന്റ് അറിയിച്ചിരുന്നു. എന്നാല്‍, പിന്നീടിങ്ങോട്ട് കാര്യമായ യാതൊരുനടപടിയും ഉണ്ടായിട്ടില്ല.
സംരക്ഷിത സ്മാരകമാക്കാനും നടപടിയില്ല
മഴക്കാലത്ത് മുഖമണ്ഡപം മുഴുവന്‍ ചോര്‍ന്നൊലിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാശം കൂടുതലാകുന്നതോടെ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടുന്ന തുകയും കൂടും. ഇത് പദ്ധതി നീളുന്നതിനിടയാക്കും. കൊട്ടാരക്കെട്ട് പുരാവസ്തുവകുപ്പിന് കൈമാറി സംരക്ഷിതസ്മാരകമാക്കണമെന്ന ആവശ്യമുണ്ടായെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. നിലവിലെ മുഖമണ്ഡപം പൊളിഞ്ഞുവീണാല്‍ അതിന്റെ പുനര്‍നിര്‍മാണം വളരെ ചെലവേറിയതാകുമെന്നും പൂര്‍ണമായ പുനഃസൃഷ്ടി സാധ്യമാകില്ലെന്നും ആശങ്കയുണ്ട്.