മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ കേന്ദ്രം ഒരുക്കാൻ നഗരസഭ സജ്ജം. ആറ്റിങ്ങൽ പട്ടണത്തിനകത്തുള്ളവർക്ക് ക്വാറന്റീൻ സൗകര്യമൊരുക്കാൻ നഗരസഭയും റവന്യു വകുപ്പും കണ്ടെത്തിയ സ്ഥലങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ തുടങ്ങുന്നതിന് നഗരസഭ ജില്ലാ ഭരണകൂടത്തിനോട് അനുവാദം തേടിയിട്ടുണ്ട്.നഗരസഭ പരിധിയിൽ ആലംകോട് ഖുറാൻ കോളജ്. വനിതാ ഹോസ്റ്റൽ, സ്പോർട്സ് ഹോസ്റ്റൽ, കോളജ് ഹോസ്റ്റൽ എന്നിവിടങ്ങളിലായി 40 പേരെ ക്വാറന്റീനിൽ താമസിപ്പിക്കാനുള്ള സൗകര്യ മൊരുക്കിയിട്ടുണ്ട്.
പത്ത് പേരെ ഏത് സമയത്തും പാർപ്പിക്കാൻ തക്ക വിധത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങളനുസരിച്ചുള്ള കിടക്കകളും പാത്രങ്ങളുമടക്കം ഒരുക്കി സുസജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ ആൾക്കാരെത്തിയാൽ താമസിപ്പിക്കുന്നതിനായി മറ്റു സ്ഥാപനങ്ങൾ പ്രവർത്തിക്കാത്ത അഞ്ചോളം ലോഡ്ജുകൾക്കും നോട്ടിസ് നൽകിയിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്ന ഒട്ടേറെ പേർക്ക് വീടുകളിൽ ഹോം ക്വാറന്റീൻ സൗകര്യമില്ലാത്ത സ്ഥിതിയുണ്ട്. വീട്ടിൽ സൗകര്യമുണ്ടെങ്കിൽപോലും അയൽവാസികൾക്ക് ഭീതിയുണ്ടാക്കുന്നെന്നു പരാതി ഉയരുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഹോം ക്വാറന്റീനിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങൾ പലപ്പോഴും അനാവശ്യമായി പുറത്തിറങ്ങി ചുറ്റിക്കറങ്ങുന്നത് സംഘർഷത്തിലേക്കു പോലും നീളുന്നു.. വരും ദിനങ്ങളിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം വർധിക്കുമെന്നതിനാൽ ജില്ലാ ഭരണകൂടം ആവശ്യമായ മാർഗനിർദേശങ്ങളോടെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ ആരംഭിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്തു നൽകിയതതായി ചെയർമാൻ എം പ്രദീപ് പറഞ്ഞു