ആറ്റിങ്ങല്‍ പട്ടണത്തില്‍ രണ്ടാമത്തെ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. പരിസര പ്രദേശങ്ങളില്‍, പ്രത്യേകിച്ച് തീര ദേശ മേഖലകളില്‍, നേരത്തെ തന്നെ നിരവധി പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ യൂറോപ്പിലെ രാജ്യങ്ങള്‍, കൊവിഡിനെ നേരിടാന്‍ നടത്തിയ പ്രായോഗിക മാര്‍ഗങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
ജനുവരി 2020 ആയപ്പോഴേക്കും ചൈനയില്‍ നിന്നും കൊറോണ യൂറോപ്പില്‍ വ്യാപിക്കാന്‍ തുടങ്ങിയിരുന്നു. അതിന് ശേഷം യൂറോപ്പ് ആയിരുന്നു കൊറോണയുടെ പ്രഭവ കേന്ദ്രം. പക്ഷെ മെയ് – ജൂൺ ആയപ്പോൾ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് ഏതാണ്ട് കുറഞ്ഞു വരികയും സാധാരണ ജന ജീവിതം പുനരാരംഭിക്കുകയും ചെയ്തു.
ഞാന്‍ ജോലി ചെയ്യുന്ന നെതര്‍ലന്‍ഡ്‌സില്‍ സ്ഥിതിഗതികള്‍ പൊതുവേ നിയന്ത്രണ വിധേയമായിരുന്നു. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് ഒക്കെ ആയിരുന്നു ഏറ്റവും കൂടുതൽ മരണം നടന്ന രാജ്യങ്ങൾ.
എന്നാൽ ജൂലൈ 1 മുതൽ ഇവിടെ സാധാരണ രീതിയിൽ ജന ജീവിതം തുടങ്ങി. എന്ന് പറഞ്ഞാൽ സ്കൂൾ, ബാർ, ഭക്ഷണശാലകൾ എന്നിവ തുറന്നു പ്രവർത്തിച്ചു തുടങ്ങി. ഇപ്പോൾ പൊതു ഗതാഗതത്തില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. കഴിയുന്നതും ഒന്നര മീറ്റർ ദൂരം പാലിക്കണം. ഓഫീസുകൾ പഴയതു പോലെ മുഴുവനും തുറന്നില്ലെങ്കിലും പടി പടിയായി തുറക്കുന്നു.
കേരളത്തെപൊലെ, കോവിഡിനെ പിടിച്ചു കെട്ടി എന്നോ മറ്റുള്ളവരിൽ നിന്നും നമ്മൾ മെച്ചപ്പെട്ടവർ ആണ് എന്നോ ഒരു വീരവാദവും ഇവിടത്തെ മാധ്യമങ്ങളില്‍ എഴുതി കണ്ടില്ല.
നെതര്‍ലന്‍ഡ്‌സിലെ കാര്യങ്ങള്‍
കോവിഡ് പാരമ്യത്തിൽ നിൽകുമ്പോൾ നെതര്‍ലന്‍ഡ്‌സിലെ (അഥവാ ഹോളണ്ടിലെ) പ്രധാന മന്ത്രി പറഞ്ഞത് ഇങ്ങിനെ സംഗ്രഹിക്കാം: കോവിഡ് ഒരു സത്യമാണ്. നമ്മൾ അതിനെ അഭിമുകീകരിക്കേണ്ടി വരും. മരണങ്ങൾ ഉണ്ടാകും. നമ്മളാൽ കഴിയുന്നത് പോലെ ശാസ്ത്രീയമായി കാര്യങ്ങൾ മനസിലാക്കി വേണ്ട കരുതലുകൾ എടുക്കും.
എല്ലാ ദിവസവും വാർത്ത സമ്മേളനങ്ങൾ ഇല്ലായിരുന്നു. കോവിഡ് വ്യാപന നിരക്ക് ഗവണ്മെന്റ് വെബ്‌സൈറ്റിൽ നിന്നും അറിയാൻ കഴിയുമായിരുന്നു.
ആഴ്ചയിൽ ഒരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ ആയിരുന്നു വാർത്ത സമ്മേളനങ്ങൾ. എല്ലാ വാർത്ത സമ്മേളനങ്ങളിലും അടുത്ത രണ്ടു ആഴ്ചക്കു ശേഷം എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് പറയും. ആ സമയം ആകുമ്പോൾ സ്ഥിതിവിശേഷം അനുസരിച്ചു പറഞ്ഞത് പോലെ ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങൾ പ്രാബല്യത്തിൽ കൊണ്ട് വരികയും ചെയ്തു.
മറ്റൊരു പ്രത്യേകത, ഇവിടെ മിക്ക കാര്യങ്ങളും മുൻകൂട്ടി അറിയിക്കുന്നു. അതായതു സ്കൂൾ എന്ന് തുറക്കും, ബാർ എന്ന് തുറക്കും, ജിം എന്ന് തുറക്കും, കളിസ്ഥലങ്ങൾ എന്ന് തുറക്കും, അങ്ങനെ അങ്ങനെ. എല്ലാ കാര്യങ്ങളും കൃത്യമായി പ്ലാൻ ചെയ്തിരിക്കുന്നു. ഒരു കാര്യം ഇവിടെ കൂട്ടിച്ചേര്‍ക്കണം. പൊതുവായി ഹോളണ്ടിലെ ആൾക്കാർ ഗവണ്മെന്റ് പറയുന്നത് അനുസരിക്കുന്നു. അവിടെയും ഇവിടെയും ചില പ്രശ്നങ്ങൾ ഇല്ല എന്നല്ല. പൊതുവായി ജനങ്ങൾ നിയമങ്ങൾ പാലിക്കുന്നവർ ആണ്.
ഹോളണ്ടിലെ കോവിഡ് കാല നാൾ വഴികൾ
- മാർച്ച് 18 ഇന്റലിജന്റ് ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നു. അതായതു സ്കൂൾ, കോളേജ്, ഭക്ഷണശാലകൾ, ജിം, കളിസ്ഥലങ്ങള്‍ പോലെ ഉള്ളവ അടയ്ക്കുന്നു. കടകൾ സാമൂഹിക അകലം പാലിച്ചു തുറന്നു പ്രവർത്തിക്കാം. ഓഫീസുകള്‍ സാമൂഹിക അകലം പാലിച്ചു പ്രവർത്തിക്കാം.
- പ്രൈമറി സ്കൂൾ മെയ് 11 മുതലും സെക്കൻഡറി സ്കൂൾ ജൂൺ 1 മുതലും തുറന്നു.
- ജൂൺ 1 മുതൽ കാര്യങ്ങൾ 80 ശതമാനം പഴയ സ്ഥിതിയിൽ ആയി.
- ഇപ്പോൾ പൊതു ഗതാഗതത്തിൽ മാസ്ക് ധരിക്കണം എന്ന നിയമം ഉണ്ട്. ഓഫീസുകള്‍ പഴയതു പോലെ തുറന്നില്ലെങ്കിലും ഭാഗീകമായി തുറന്നു.
അതായതു മാർച്ചിൽ തുടങ്ങി മേയിൽ കോവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ഹോളണ്ടിന് കഴിഞ്ഞു എന്ന് അനുമാനിക്കാം.
മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ഥിതി
ഞാൻ ജൂലൈ 13 മുതൽ വിമാന യാത്ര ആരംഭിക്കുകയും ഹോളണ്ട് , ഇറ്റലി , ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ തലസ്ഥാന വിമാന താവളങ്ങൾ വഴി സഞ്ചരിക്കുകയും ചെയ്തു. ഇവിടെ ആംസ്റ്റർഡാം വിമാന താവളത്തിലും , പാരീസ് വിമാനത്താവളത്തിലും പനിയുണ്ടോ എന്നുള്ള പരിശോധന ഇല്ല. ഇറ്റലിയിൽ മാത്രം പനിയുണ്ടോ എന്ന്‍ പരിശോധിക്കുന്നുണ്ട്. സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ വിവരങ്ങൾ എഴുതി നല്കണ്ടതായുമുണ്ട്. വിമാനത്താവളങ്ങളിൽ ആളുകൾ ആരും പരിഭ്രാന്തിയിലോ, ഭീതിയിലോ അല്ല.
ഞാൻ കയറിയ എല്ലാ വിമാനങ്ങളും തൊണ്ണൂറു ശതമാനം നിറഞ്ഞതായിരുന്നു. എല്ലാവരും മാസ്ക് ധരിച്ചു എന്നുള്ളതല്ലാതെ കൂടുതലായി ഒരു കരുതൽ എടുക്കുന്നത് കണ്ടില്ല. ഇവിടെ ഇപ്പോൾ വേനൽ ആയതിനാൽ കുടുംബമായി ഒരുപാട് ആൾക്കാർ വേനൽ അവധിക്കു പോകുന്നത് കണ്ടു.
യൂറോപ്പിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും കുട്ടികളിൽ കോവിഡ് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്ന് മനസിലാക്കി സ്കൂൾ തുറന്നു. തുറസ്സായ സ്ഥലങ്ങളിൽ കോവിഡ് പകരാനുള്ള സാധ്യത കുറവായതിനാൽ പുറത്തു മാസ്ക് നിർബന്ധം അല്ല. അടുത്ത ഇടപെടലുകളിൽ ആണ് കോവിഡ് സാധ്യത എന്നുള്ളതിനാൽ ബസ്, ട്രെയിൻ, വിമാനം എന്നിവയിൽ മാസ്ക് നിർബന്ധം ആക്കി.
ചുരുക്കത്തില്‍ ….
നമ്മൾ ഇത്തരം കാര്യങ്ങൾ കൂടി നമ്മുടെ നാട്ടിലെ കോവിഡ് പ്രതിരോധ പരിപാടികളും ആയി താരതമ്യപെടുത്തിയാല്‍ നന്നായിരുന്നു.
BKP