27.8 C
Attingal
Wednesday, January 22, 2025
HomeEducationഅവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ സൈക്ലത്തോൺ 2022 സംഘടിപ്പിച്ചു

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ സൈക്ലത്തോൺ 2022 സംഘടിപ്പിച്ചു

സാമൂഹ്യ സേവന പ്രവർത്തന രംഗത്ത് 15 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന നന്മ ഫൗണ്ടേഷൻ്റെ ഭാഗമായ മിഷൻ ബെറ്റർ ടുമാറോ (MBT) ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ പ്രചരണാർത്ഥം, അവയുടെ ദർശന സന്ദേശങ്ങൾ പൊതു സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനു വേണ്ടി അവനവഞ്ചേരി ഗവ ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ‘സൈക്ലത്തോൺ 2022’ സംഘടിപ്പിച്ചു.

ലോകത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ ഒരേ സമയം സംഘടിപ്പിച്ച സൈക്ലത്തോൺ അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സമാപിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൺ അഡ്വ. എസ്. കുമാരി സമാപനസന്ദേശം നൽകി. കലുഷിതമായ പൊതു സമൂഹത്തിൽ ഐക്യത്തിൻ്റെയും, സ്നേഹത്തിൻ്റെയും സന്ദേശങ്ങൾ ഉൾക്കൊണ്ട് ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി നാമെല്ലാം MBT യുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി നടപ്പിലാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഐ.ജി. പി.വിജയൻ IPS ൻ്റെ ധൈഷണിക നേതൃത്വത്തിൽ നിന്ന് പ്രചോതിദരായ ഒരു കൂട്ടം പ്രൊഫഷണലുകളാണ് MBT എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടത്.വിഭവ പരിമിതി അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനുള്ള പദ്ധതികൾ, സ്വഭാവ വൈകാരിക മാനസികാരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന കുട്ടികളുടെ പരിചരണം സംരക്ഷണം, ഇരുപത്തി ഒന്നാം നൂറ്റാണ്ടിൻ്റെ സാധ്യതകൾ പര്യവേഷണം ചെയ്യുന്നതിനുള്ള ലേണിംഗ് സെൻ്ററുകൾ, നിർദ്ധന രോഗികൾക്ക് സൗജന്യമായി മരുന്നുകളുടെ വിതരണം, പ്രളയ നാശം വിതച്ച മേഖലകളിൽ നന്മ ഭവനങ്ങളുടെ നിർമ്മാണം തുടങ്ങി വ്യത്യസ്തമായ സാമൂഹ്യ ഇടപെടലുകൾ മിഷൻ ബെറ്റർ ടുമാറോ നടപ്പിലാക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ പട്ടിണി അകറ്റാനായി ആരംഭിച്ച ഒരു വയറൂട്ടാം പദ്ധതി, നിർദ്ധനർക്ക് നാല് ലക്ഷത്തോളം ഭക്ഷ്യക്കിറ്റുകൾ, വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് പോസ് പോസ്സ് ടോക്ക് സീരീസ് എന്നിവ MBTക്ക് ആഗോള സ്വീകാര്യത നേടിക്കൊടുത്തു.

സമാധാനപരവും, ഉൽപ്പാദനപരവും, പുരോഗമനപരവുമായ ഒരു നല്ല നാളെ സൃഷ്ട്ടിക്കാൻ സമാനമനസ്ക്കരായ വ്യക്തികളെ ഒന്നിപ്പിച്ചു കൊണ്ടാണ് MBT പ്രവർത്തനങ്ങൾ ആഗോളതലത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. രാവിലെ 7 മണിക്ക് ആരംഭിച്ച റാലി ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജോയി ഫ്ലാഗ് ഓഫ് ചെയ്തു.

- Advertisment -

Most Popular