എനിക്ക് പതിനെട്ടു വയസ്സാകാൻ കാത്തു നിൽക്കുവാരുന്നു വീട്ടുകാർ. എന്തിനാണെന്നോ ‘ഡ്രൈവിങ് ലൈസൻസ്’ എടുപ്പിക്കാൻ. അതായത് എനിക്ക് അശേഷം താല്പര്യം ഇല്ലാത്ത കാര്യം. എന്തെരിനോ എന്തോ വീട്ടുകാർക്ക് ‘ഫ’യങ്കര താല്പര്യം.
അങ്ങനെ, നമ്മൾ ആറ്റിങ്ങൽക്കാർക്ക് ഒക്കെ അറിയാവുന്ന ഒരു പ്രമുഖ ഡ്രൈവിംഗ് സ്കൂളിൽ four wheeler പരിശീലനം തുടങ്ങാൻ എന്നെ ചേർത്തു . അതിന്റെ ഉടമസ്ഥനെ അച്ഛന് വര്ഷങ്ങളായി അറിയാം. അതുകൊണ്ടാകാം എന്നെ അങ്ങോട്ട് വിട്ടത്. Two wheeler പരിശീലനം പിതാശ്രീ സ്വന്തം റിസ്കിൽ ഏറ്റെടുത്തു.
അതോടെ എന്റെ കാര്യം കട്ടപ്പൊക ആയി. Car driving പഠിത്തം, weekly 3days.. എല്ലാം കൂടി 3.. 4hrs ഒക്കെയേ ഉള്ളു. പക്ഷെ അച്ഛന്റെ scooty പരിശീലനം ദിവസവും നേരം വെളുക്കുമ്പോൾ തുടങ്ങും. വെളുപ്പിന് നല്ല സുഖം പിടിച്ചു ഉറങ്ങുമ്പോൾ തട്ടി വിളിച്ച് എന്നെ മുന്പിലിരുത്തി പിതാശ്രീ പുറകിൽ ഇരുന്ന് ഒരു പോക്ക് ആണ്. പുറകിൽ പിതാശ്രീ ഇരിക്കുന്നത് കൊണ്ടാകും ഞാനിങ്ങനെ zig zag പോലെ scooty വലിച്ചിഴച്ചു പോകും. ലോറി ഒക്കെ മുൻപിൽ കണ്ടാൽ കണ്ണ് ഇറുക്കി അടയ്ക്കും. പിന്നെ കണ്ണ് തുറക്കാൻ പറ്റിയാൽ ജീവൻ ഉണ്ടെന്നു ഉറപ്പ് വരുത്തും.
ഒരു ദിവസം ആലംകോട് റൂട്ട്, അടുത്ത ദിവസം കോരാണി റൂട്ട്. ഇങ്ങനെ ആണ് പരിശീലന പരമ്പര. ആലംകോട് റൂട്ടിൽ പോയാൽ ആലംകോട് ജംഗ്ഷൻ എത്തുമ്പോൾ വളയ്ക്കണം, തിരികെ വീട്ടിലോട്ടു പോകണം. ആലംകോട് എത്തി scooty വളയ്ക്കുമ്പോൾ ജംഗ്ഷനിൽ ഉള്ള ഹോട്ടലിലെ അടുക്കളയിലെ ദോശക്കല്ലിൽ ചെന്ന് വീഴുമോ എന്നു നോം ഭയപ്പെട്ടു. കോരാണി റൂട്ടിൽ പോകുമ്പോൾ, കോരാണി ജംഗ്ഷനിൽ എത്തുമ്പോൾ വളച്ചിട്ട് തിരികെ വീട്ടിൽ പോകണം . വളയ്ക്കുമ്പോൾ ഒക്കെ , അവിടെ ജംഗ്ഷനിൽ ഉള്ള fruits കടയിലെ പഴക്കുലകൾക്കിടയിൽ ചെന്ന് വീഴുമോ എന്നു നോം വ്യാകുലപ്പെട്ടു . എന്തായാലും വെളുപ്പാൻ കാലത്തുള്ള അഭ്യാസപ്രകടനം ആയതുകൊണ്ട്, എന്റെ ഈ ലീലാവിലാസങ്ങൾ നാട്ടുകാർ അധികം കാണാൻ ഇടവന്നില്ല. അതായിരുന്നു ഏക ആശ്വാസം.
അങ്ങനെ ഇരിക്കെ ആണ് എന്റെ മാമി, അമ്മയുടെ സഹോദര ഭാര്യ, അതായത് എന്റെ മാമന്റെ ഭാര്യ, തുല്യദുഃഖിത, മാമന്റെ scooty പരിശീലനപീഡനം കാരണം പൊറുതിമുട്ടി നിൽക്കുന്ന വിവരം പറഞ്ഞത്. അങ്ങനെ മാമിയും മാമനും, അച്ഛനും ഞാനും കൂടി.. ഒരു കൂട്ട scooty പഠിക്കൽ പഠിപ്പിക്കൽ യജ്‌ഞം നടത്താൻ തീരുമാനം ആയി. ഒരു ഞായറാഴ്ച്ച ഉച്ച കഴിഞ്ഞപ്പോൾ നമ്മൾ റാലി ആയിട്ട് അങ്ങ് ഇറങ്ങി.
ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന മാമം ഗ്രൗണ്ട് ആണ് ലക്ഷ്യം. വീടിന് അടുത്ത് തന്നെയാണ് ഗ്രൗണ്ട്. ചെറിയ ഇറക്കമുള്ള ടാർ ഇട്ട റോഡ്, നടുവിൽ ഗ്രൗണ്ട്. ഇതാണ് അവിടത്തെ ഭൂപ്രകൃതി. മാമന്റെ scooty മുൻപിൽ. കൂടെ മാമി . ഞാൻ scooty യും ആയിട്ട് അതിനു പുറകിൽ, അതിന് പുറകെ കാറിൽ അച്ഛൻ, അമ്മ .. ഇങ്ങനെ പോകുവാണ്. അങ്ങനെ ഗ്രൗണ്ട് എത്തി. ഇത്തവണ അമ്മയെ ഒന്ന് പുറകിൽ ഇരുത്തി ആദ്യമായി scooty ഓടിക്കാം എന്ന് ഒരു ഉൾവിളി. അങ്ങനെ മനസില്ലാമനസോടെ അമ്മ കയറി പുറകിൽ ഇരുന്നു. കയറിയപ്പോ മുതൽ റേഡിയോ on ചെയ്തപോലെ “അയ്യോ എനിച്ചു പേടി ആണ്, എന്നെ താഴെ ഇടല്ലേ, കൊല്ലല്ലേ, അമ്മേ.. ദേവി, ശിവനെ.. ഗണപതീ”.. എന്നും പറഞ്ഞു അമ്മ നിലവിളി തുടങ്ങി… പത്തു സെക്കന്റ് കഴിഞ്ഞപ്പോൾ നിലവിളി നിന്നു. മഞ്ഞുമലയിൽ ഇടിച്ച ടൈറ്റാനിക് നെ ഓർമിപ്പിക്കുന്ന വിധത്തിൽ scooty ആടി ഉലഞ്ഞു. നോക്കിയപ്പോൾ പുറകിൽ ഇരുന്ന വസ്തുവിനെ കാണാനില്ല. Mirror ൽ കൂടെ നോക്കിയപ്പോൾ… “നീ തനിയെ പൊയ്ക്കോ എനിക്ക് പേടി” ആണെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് മാതാശ്രീ റോഡിൽ നിന്ന് റ്റാറ്റ കാണിക്കുന്നു. അതെ, ഓടിക്കൊണ്ടിരുന്ന സ്കൂട്ടിയിൽ നിന്ന് ചാടിയിട്ട്, skydive ചെയ്ത ഭാവത്തിൽ നിൽക്കുവാണ് മാതാജി .
മറ്റൊരു സൈഡിൽ മാമനും മാമിയും മല്പിടിത്തം നടക്കുന്നുണ്ട്. എട്ടും എൺപത്തെട്ടും ഒക്കെ മാമൻ മാമിയെക്കൊണ്ട് എടുപ്പിക്കുന്നുണ്ട്. അങ്ങനെ 1, 2hrs കഴിഞ്ഞു. റാലി തിരികെ വീട്ടിലോട്ട് വിടാൻ ധാരണ ആയി. ഗ്രൗണ്ടിലോട്ട് വന്ന അതേ ഓർഡറിൽ തിരികെ വീട്ടിലോട്ട് പോകുവാണ്. തിരികെ പോകുമ്പോൾ റോഡിന്റെ ഇടത് സൈഡിൽ ആണ് വീട്. തിരികെ വന്നു കയറാൻ എളുപ്പത്തിന് പോയപ്പോൾ ഗേറ്റ് തുറന്ന് ഇട്ടിട്ടാണ് പോയത്. അങ്ങനെ എനിക്ക് മുൻപിൽ പോയ മാമൻ with മാമി ഗേറ്റിനു ഉള്ളിലേക്ക് പ്രവേശിച്ചത് കുറച്ചു പുറകിൽവന്ന ഞാൻ കണ്ടു. അതിനോടൊപ്പം വേറൊരു ഞെട്ടിക്കുന്ന കാഴ്ചയും. ഗേറ്റ് ന്റെ അടുത്ത് 5, 6ആളുകൾ നില്പുണ്ട്. വീടിന്റെ പരിസരത്തു ഒക്കെ ഉള്ളവർ ആണെന്ന് ഒറ്റ നോട്ടത്തിൽ മനസിലായി. വെളുപ്പിന് പരിശീലനത്തിന് പോകുമ്പോൾ പരിചയക്കാരെ ആരെയും കാണേണ്ടി വന്നിട്ടില്ല. ഞായറാഴ്ച ഉച്ച ആയത് കൊണ്ട്, റാലി തുടങ്ങി അത്രയും നേരം ആയിട്ടും അതുവരെ പരിചയം ഉള്ള ആരും, ഞാൻ ഈ കുതിര സവാരി നടത്തുന്നത് കണ്ടില്ല. ആ ആശ്വാസത്തിൽ വരുമ്പോൾ ആണ് ഈ കാഴ്ച ഞാൻ കാണുന്നത്. അധികം ആളുകളെ കണ്ടാൽ ‘സഭാകമ്പത്തിന്റെ’ അസുഖം ഉള്ള എനിക്ക് പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റിയില്ല. വീട് അടുക്കാറായി എന്റെ തലക്ക് ചുറ്റും പുക, നെഞ്ചിൽ ചെണ്ടമേളം. Scooty വീടിന്റെ ഗേറ്റ് നോട് അടുത്തു. ‘അവരെല്ലാം എന്റെ വരവ് നോക്കുന്നുണ്ട്’ എന്ന ചിന്ത മൂലം പിന്നെ നടന്നത് എല്ലാം യാന്ത്രികം ആയിരുന്നു. Break ഇട്ട് പതിയെ വളച്ചു കയറേണ്ട സ്ഥലത്ത് accelerator ഇട്ട് ദേവേന്ദ്രൻ തൊടുത്തു വിട്ട അമ്പ് പോലെ ഞാൻ സ്കൂട്ടിയുമായി ഒരൊറ്റ പോക്ക്. കണ്ടു നിന്നവരും ഞാനും, എന്റെ കാറ്റ് പോയെന്നു കരുതി. ഗേറ്റ് ഇറങ്ങി വരുമ്പോൾ ഉള്ള തെങ്ങിന്റെ മൂട് ലക്ഷ്യമാക്കി ‘പടച്ചോനേ കാത്തോളീ ‘…….എന്ന bgm മനസ്സിൽ ഓർത്ത് സ്കൂട്ടി പാഞ്ഞു. ഇതൊക്കെ കണ്ട് അന്ധാളിച്ച മാമനും മാമിയും എന്റെ എല്ലും പല്ലും പെറുക്കിയെടുക്കാൻ ready ആയി ഓടിവന്നു. പെട്ടെന്ന് എങ്ങനെയോ break പിടിക്കാൻ ബുദ്ധി ഉണർന്നു. പുറകിലെ ടയർ ഉയർന്നു പൊങ്ങി എന്റെ തലക്ക് മേലെ വന്നെന്ന് തോന്നുന്നു. എന്തായാലും scooty നിന്നു. തെങ്ങും ഞാനും പരസ്പരം നോക്കി നിന്നു.
മാതാശ്രീയും പിതാശ്രീയും car ൽ ഇരുന്ന് തന്നെ ഈ കാഴ്ചകൾ കണ്ടു വിജൃംഭിച്ചു. ഗേറ്റിനു അടുത്തു നിന്ന ആൾക്കാർ നാലുപാടും ചിതറിയോടി.
എന്തായാലും അന്തരവളായ എന്റെ അന്നത്തെ ഗംഭീര പ്രകടനം കണ്ട ശേഷം, മാമൻ തന്റെ പീഡനം അവസാനിപ്പിച്ച്, ശാന്തരൂപത്തിൽ മാമിയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ തുടങ്ങിക്കാണും . മാമി എത്രയോ ഭേദം എന്ന് മാമൻ മനസിലാക്കിക്കഴിഞ്ഞെന്നു സാരം . എന്തായാലും അതോടുകൂടി എന്റെ കാര്യത്തിൽ തീരുമാനം ആയി. അടുത്ത ദിവസം മുതൽ പൂർവാധികം ശക്തിയോടെ പിതാശ്രീ വെളുപ്പിന് ഡോറിൽ… ഡും.. ഡും ഡും….. മുട്ടി എഴുന്നേൽപ്പിച്ച് എനിക്ക് ഉള്ള പരിശീലനമാമാങ്കം തുടർന്നു.
സൗമ്യ ഷെറിൻ