അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നാട്ടു മാവുകളെ സംരക്ഷിക്കാൻ പദ്ധതി ആരംഭിച്ചു.
ലോക പരിസ്ഥിതിദിനത്തിൽ കേഡറ്റുകൾ തന്നെ ശേഖരിച്ച് മുളപ്പിച്ച നൂറിലധികം നാട്ടുമാവിൻതൈകൾ വീടുകളിലും അയൽപക്കത്തും നട്ടുപിടിപ്പിച്ചു. തുടർ ദിവസങ്ങളിൽ കൂടുതൽ നാട്ടുമാവിൻതൈകൾ നട്ടു സംരക്ഷിക്കാനാണ് കേഡറ്റുകളുടെ പദ്ധതി.
വേനലവധിക്കാലത്ത് തന്നെ മാവിൻ്റെ വിത്തുകളുടെ ശേഖരണം ആരംഭിച്ചിരുന്നു. തുടർന്ന് തൊണ്ടിലും തുണി സഞ്ചികളിലും മറ്റും അവ മുളപ്പിച്ച് സ്കൂൾ തുറക്കുമ്പോൾ മുഴുവൻ കുട്ടികൾക്കും മാവിൻതൈ നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഇക്കാലത്ത് അന്യം നിന്നുപോകുന്ന നാടൻ മാവിനങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് കേഡറ്റുകൾ ലക്ഷ്യമിടുന്നത്.
വരും ദിവസങ്ങളിൽ അവരവരുടെ വീടിന് സമീപത്തെ വീടുകളിലും കേഡറ്റുകൾ മുളപ്പിച്ച നാട്ടുമാവിൻ തൈകൾ എത്തിച്ച് നട്ടുവളർത്തുന്നതിനുള്ള പദ്ധതിയ്ക്ക് കേഡറ്റുകൾ രൂപം നൽകി കഴിഞ്ഞു.