ടെറസ് കൃഷി ചെയ്യാൻ സ്ഥല സൗകര്യവും ഉണ്ടെങ്കിൽ വീതിയും നീളവുമുള്ള ബെഡുകൾ ഒന്നോ രണ്ടോ അടി ഉയരത്തിൽ ഉണ്ടാക്കി ചെയ്യുന്നതാണ് പരിമിതമായ ഗ്രോബാഗുകളും ചട്ടികളും ഉണ്ടാക്കി ചെയ്യുന്നതിനേക്കാൾ നല്ലത്. എന്നുവെച്ച് ഗ്രോബാഗുകൾ നല്ലതല്ല എന്നല്ല പറഞ്ഞു വരുന്നത്.
ബെഡുകൾ ഉണ്ടാക്കിയാൽ ചെടികൾക്ക് വേരോട്ടത്തിനുള്ള സാധ്യതകൾ കൂടുതലായിരിക്കും. കൂടാതെ ഒരു സീസൺ കഴിഞ്ഞാൽ ഇത്തരം ബെഡുകൾ ഉഴുതു മറിക്കാൻ എളുപ്പവുമാണ്. ഡ്രിപ് ഇറിഗേഷൻ/തുള്ളി നന നൽകാനുള്ള സംവിധാനം ഉണ്ടാക്കാനും എളുപ്പമാണ്.
ജൈവാംശംകൊണ്ട് സമൃദ്ധമായ ബെഡുകൾ മികച്ച വിളവ് തരും. കാലാവസ്ഥയും പ്രാദേശിക പ്രത്യേകതകളും അനുസരിച്ച് ഒരു വീട്ടിലേക്കു വേണ്ടുന്ന ഒരു വിധം എല്ലാ പച്ചക്കറികൾ സമൃദ്ധമായി ഉണ്ടാക്കാനും കഴിയും.
മണ്ണു പിടിച്ചു നിർത്തി ഒരു ബെഡ് ഉണ്ടാക്കാൻ സാധിക്കാവുന്ന എല്ലാ സെക്കൻഡ് ഹാൻഡ് മെറ്റീരിയലും ഉപയോഗിക്കാം. വിലകുറഞ്ഞ ഡ്രമ്മുകൾ നെടുകെ മുറിച്ചും ഉണ്ടാക്കാം. പ്ലാസ്റ്റിക് ഷീറ്റുകൾ, കട്ടികൂടിയ ഫ്ലെക്സ്, പ്ലാസ്റ്റിക് ബാഗുകൾ, ചാക്കുകൾ, ആസ്ബസ്റ്റോസ് ഷീറ്റുകൾ, പലകകൾ അങ്ങിനെയങ്ങിനെ മണ്ണിനെ പിടിച്ചു നിർത്താൻ കഴിയുന്ന എന്തും ഉപയോഗിക്കാം.