മിക്കവാറും ദിവസങ്ങളിൽ എന്റെ നിത്യപതിവ് രാവിലെ എഴുന്നേൽക്കും കുറച്ചു നേരം ഷട്ടിൽ ബാറ്റ് കളിക്കും, പിന്നെ പത്രം വായിക്കും, വെള്ളിയാഴ്ചകളിൽ പത്രത്തോടൊപ്പം വരുത്തുന്ന ബാലപ്രസിദ്ധീകരണങ്ങൾ വായിക്കും, പിന്നെ ടിവി കാണും, വീടും പരിസരവും വൃത്തിയാക്കും, കുറച്ചു കൃഷി ചെയ്യും, പിന്നെ സൈക്ലിങ് റൈഡ് നടത്തും, പിന്നെ കുറച്ചു പഠിക്കും.
ഈ അടുത്ത് ഒരു ദിവസത്തെ പത്രം നോക്കിയപ്പോൾ ഒരു വാർത്ത എന്റെ കണ്ണിൽപ്പെട്ടു. പഞ്ചാബിലെ ജലന്തറിൽ നിന്ന് നോക്കിയപ്പോൾ ഹിമാലയം കണ്ടെന്ന്. മുപ്പതു വർഷത്തിന് ശേഷമാണിത്. അന്തരീക്ഷ മലിനീകരണം കാരണം കാണാതിരുന്ന ഒരു കാഴ്ചയാണിത്. ലോക്കഡൗൺ ആയതുകൊണ്ട് ഒരു വാഹനവും നിരത്തിലില്ല. അതുകൊണ്ടു അവിടെ മലിനീകരണം മാറി അന്തരീക്ഷം തെളിഞ്ഞു. മാസ്ക് ധരിച്ചുകൊണ്ട് മാത്രം പുറത്തിറങ്ങിക്കൊണ്ടിരുന്ന ഡൽഹിയിലെ ആളുകൾക്ക് ശുദ്ധവായു ലഭ്യമായിത്തുടങ്ങി. ഇത് നമ്മുടെ വലിയ നേട്ടമാണ്. പരിസ്ഥിതിമലിനീകരണം അത്രത്തോളം കുറഞ്ഞുവെന്ന് നമുക്കീകാര്യങ്ങളിൽ നിന്ന് ബോധ്യമാകും. ഈ മഹാമാരി നമുക്ക് നഷ്ടം വരുത്തിയെങ്കിലും പ്രകൃതിക്കു വളരെയേറെ ഉപകാരമായിതീർന്നു. ഈ മഹാമാരി കഴിയുന്നതോടെ ലോക്ക്ഡൗൺ ഉപേക്ഷിക്കുമെങ്കിലും വർഷത്തിൽ ഒരാഴ്ചയെങ്കിലും ലോക്ക്ഡൗണായി ആചരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അപ്പോൾ നമുക്ക് കുറച്ചെങ്കിലും പ്രകൃതിയെ സംരക്ഷിക്കാൻ കഴിയും.
വെക്കേഷന് വീട്ടിലിരുന്നപ്പോൾ കൃഷി ചെയ്തുണ്ടാക്കിയ ബജിമുളകും കായും ചേർത്തുണ്ടാക്കിയ ബജിയുടെയും ചക്കകൊണ്ട് ഉണ്ടാക്കിയ ചക്കപായസം, ചക്കവറ്റൽ, ചക്കയപ്പം എന്നിവയുടെയും വാഴക്കയപ്പത്തിന്റെയും ഓട്ടടയുടെയും രുചി എനിക്ക് മനസ്സിലായി. ഈ അവസരമാണ് എന്നെ ഇതിന്റെയൊക്കെ രുചി അറിയിച്ചത്. ദോഷകരമാണ് എന്നറിഞ്ഞുകൊണ്ടു തന്നെ ബേക്കറികളിൽ നിന്നുമുള്ള ഭക്ഷണങ്ങൾ വാങ്ങിക്കുകയായിരുന്നെങ്കിലും ഈ കൊറോണക്കാലം ആ പഴയ നാടൻ രുചികൾ എനിക്കു മടക്കി തന്നു.