31.8 C
Attingal
Saturday, December 21, 2024
HomeLit FestAganeyum Iganeyumപ്രസവ വേദന

പ്രസവ വേദന

ഒന്ന്…. വിശ്വാസം അതല്ലേ എല്ലാം

“ട്ടപ്പ്‌ ” വലിയ ഒരു ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.. കയ്യിലിരുന്ന വലിയ ബാഗ് വീണതാണ്. അടുത്തിരുന്ന സെക്യൂരിറ്റിയുടെ കാലിലേക്കാണ് വലിയ ശബ്ദത്തോടെ അത് പതിച്ചിരിക്കുന്നത്. അയാൾ ഖത്തറിനെ  നോക്കുന്ന സൗദിയെ  പോലെ എന്നെ നോക്കി

“സോറി ചേട്ടാ “

ഞാൻ പറഞ്ഞിട്ടും ആളുടെ മുഖം തെളിയുന്നില്ല.. കുറ്റം പറയാൻ പറ്റില്ല നല്ല ഭാരം ഉണ്ട് ബാഗിന്. പക്ഷേ ഉൽക്ക ഒന്നും അല്ലല്ലോ? ബാഗ് അല്ലേ?

ആ പോട്ടെ.. പോയി പണി നോക്കട്ടെ ഞാൻ മനസ്സിൽ കരുതി.സംഭവം ആശുപത്രി ആണ്, waiting room.കൂട്ടിരുപ്പ്കാരുടെ കാത്തിരുപ്പ് മുറി.   പക്ഷേ സീരിയസ് കാര്യമൊന്നും അല്ല.. “സ്വയം കൃതാനർത്ഥം  ” അതാണ് എന്നെ ഇവിടെ ഇരുത്തിയിരിക്കുന്നത്.സംഗതി ഭാര്യയുടെ രണ്ടാം പ്രസവം ആണ്. ഞാൻ മാത്രമോ? അവളും സമയം തെറ്റി പെയ്ത മഴയും നേരത്തേ കിടന്നുറങ്ങിയ മൂന്ന് വയസ്സുകാരൻ മോനും, എല്ലാരും കരണക്കാരാണല്ലോ? 

ഞാൻ ചുറ്റും നോക്കി ബന്ധുക്കൾ കുറേപ്പേർ  ഉണ്ട് സ്ത്രീകൾ കൂടിയിരുന്നു വർത്താനം പറയുന്നുണ്ട്. പുരുഷന്മാരെ ആരെയും കാണാനില്ല. ആരൊക്കെയോ ഉണ്ടായിരുന്നു. പുറത്ത് കാണും അത് നന്നായി!! ഒരു ഗ്രാമ സഭക്കുള്ള ക്വാറം ഉണ്ട്.വെയ്റ്റിംഗ് റൂമിലുള്ള

മറ്റുള്ളവരുടെ ഒക്കെ മുഖത്ത്  പല പല ഭാവങ്ങൾ ആണ്.ദുഖവും ആകാംക്ഷയും  എന്റെ ബന്ധുക്കൾ മാത്രം ആസ്വദിച്ചു കഥ പറയുന്നുണ്ട്, നാട്ടിൽ പലരും തുമ്മി തുമ്മി  ഒരു വഴി ആയിക്കാണും.

ആധുനിക ചികിത്സാലയങ്ങൾ കാല്പനികതക്ക് ഒരു വിലയും കല്പിക്കുന്നില്ലല്ലോ.. ഞാൻ വ്യാകുലപ്പെട്ടു. അല്ലെങ്കിൽ ഞാൻ ഇവിടെയാണോ ഇരിക്കേണ്ടത്.  ഭാര്യ പ്രസവിക്കുമ്പോൾ ഭർത്താവ് പുറകിൽ കൈയ്യും കെട്ടി ലേബർ റൂമിന് മുന്നിൽ ഉലാത്തണം. ചരിത്രാതീത കാലം മുതൽ അതാണ് നാട്ട് നടപ്പ്.പണ്ട് വീട്ടിൽ പ്രസവം നടക്കുന്ന കാലത്താണെങ്കിൽ ഇടയ്ക്കിടെ ബീഡിയോ സിഗററ്റോ അവനവന്റെ സ്റ്റാൻഡേർഡ് അനുസരിച്ചു വലിക്കണം.ഒരു റൗണ്ട് നടന്ന് കഴിഞ്ഞ് അടുത്ത് നിൽക്കുന്ന ആരുടെയെങ്കിലും തോളിൽ മുറുകെ പിടിക്കണം, നടത്തം തുടരണം. അതാണ് രീതി. ഇവിടെ ഞാനോ അങ്ങോട്ട് പ്രവേശനം ഇല്ലാതെ,  വെയ്റ്റിംഗ് റൂമിൽ ബാഗും പിടിച്ച്.. കഷ്ടം.. പുറകിൽ കൈയ്യും കെട്ടി ഉലാത്താൻ ഞാൻ വെമ്പൽ കൊണ്ടു.. ഇവിടെ ഉലാത്തി ത്വര തീർത്താലോ ?  വേണ്ട സൗദി നോക്കുന്നുണ്ട്.. ചിലപ്പോൾ ഖത്തറിന് വിലക്കേർപ്പെടുത്താൻ സാധ്യത ഉണ്ട്.. പുറത്തിറങ്ങി നടന്നാലോ? വേണ്ട… അതിനിടക്ക് വിളിച്ചാലോ.. സർഗാത്മകതയിൽ വിശ്വാസം   ഇല്ലാത്ത ആശുപത്രിക്കാർ.. ശപ്പൻമാർ.. 

വിശ്വാസം എന്ന വാക്ക് ഓർത്തതും മനസ്സിൽ വെള്ളിടി വെട്ടി.ഭാര്യയ്ക്ക് ഒരു അന്ധവിശ്വാസം ഉണ്ട്. ആരോ പറഞ്ഞ് മനസ്സിൽ നുഴഞ്ഞു കയറിയ അന്ധവിശ്വാസം ആദ്യ പ്രസവത്തോടെ മനസ്സിൽ കൂട്ടു കുടുംബത്തോടെ  സ്ഥിരതാമസം ആക്കിയിരിക്കയാണ്.

സംഗതി അപകടം ആണ്!!

സ്ത്രീപക്ഷ വിശ്വാസം ആണ്..!

ഭർത്താക്കന്മാരെ അടിമുടി തകർക്കുന്നതാണ്!!കറ്റ പോലെ മെതിക്കുന്നതാണ്!!

“സ്നേഹമുള്ള ഭർത്താവാണെങ്കിൽ ഭാര്യയ്ക്ക് പ്രസവ വേദന വരുമ്പോൾ ഭർത്താവിനും ഏതെങ്കിലും തരത്തിൽ അത് അനുഭവപ്പെടുമത്രെ. “സംഭവം പിടികിട്ടിയോ സ്നേഹം ഉണ്ടെങ്കിൽ വേദന ഇല്ലെങ്കിൽ അതും പറഞ്ഞുള്ള ആജീവനാന്ത പീഡനം.. ആദ്യ കുഞ്ഞ് ജനിച്ചപ്പോൾ ഞാൻ ഈ പരീക്ഷണം തരണം ചെയ്തു, സീതയെപ്പോലെ അഗ്നിശുദ്ധി വരുത്തി..ഞാൻ ഓർമകളെ ഉണർത്തി.. അവ  ചിറകടിച്ച്‌ നാല് കൊല്ലം പിറകിലേക്ക് പറന്നു. ഇതേ ആശുപത്രിയുടെ മുറ്റത്ത്‌  തീറ്റിയും തിനയും ഇട്ട് അവറ്റകളെ താഴെ ഇറക്കി..

രണ്ട്… ഒന്നാം തിരു മുറിവ്

ദാമ്പത്യ വല്ലരിയിലെ ആദ്യത്തെ മലർ വിരിയാൻ കാത്തു നിൽക്കുന്ന യുവമിഥുനങ്ങൾ…ആശുപത്രിയിൽ ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കയാണ്.രണ്ടാഴ്ചയേ ഉളളൂ ഡേറ്റ് ആകാൻ. വലത് വശം ചരിഞ്ഞു  കുറേ നേരം ഇരുന്നപ്പോൾ ഇരിക്കാൻ ഒരു പ്രയാസം,  വലത് ഭാഗത്ത്‌ ഒരു വേദന. കുറച്ച് നേരം നിന്നപ്പോൾ വേദന മാറി. വീണ്ടും ഇരുന്നപ്പോൾ വീണ്ടും വേദന. ഡോക്ടറെ കണ്ടു വീട്ടിലെത്തി, അവളോട് ഒന്ന് നോക്കാൻ പറഞ്ഞു.. അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി..

“ഞാൻ വിചാരിച്ച പോലെയല്ല എന്നോട് സ്നേഹം ഉണ്ടല്ലേ? “

“നീ കാര്യം പറ, മനുഷ്യനെ വടിയാക്കാതെ.. “

“അതേയ് പൃഷ്ഠത്തിൽ ഒരു പരു വന്നിരിക്കുന്നു “

(ശബ്ദതാരാവലിയിൽ വിവിധ സ്ഥലങ്ങൾക്ക് അനുസരിച്ചു കുരു, ഞുണൽ എന്നൊക്കെ അർത്ഥം ഉണ്ടെങ്കിലും നമ്മുടെ കഥയിൽ ആവർത്തിച്ചു വരുന്ന ഈ പദം  തുടർന്ന് പൃഷ്ഠത്തിലെ പരു എന്നതിന്റെ  ചുരുക്കെഴുത്തായ PP എന്നറിയപ്പെടും )

“ഇനിയത് വലുതാവും എന്റെ ഡെലിവറി ആകുമ്പോഴേക്കും പഴുക്കുമായിരിക്കും “

“ഇതെന്താ ചക്കയോ മാങ്ങയോ മറ്റോ ആണോ മൂത്തു പഴുക്കാൻ? “ചോദിച്ചില്ല.. ചോദ്യത്തെ തൊണ്ടയിലിട്ട് ഞെക്കി കൊന്നു, ചവച്ചരച്ച് തിന്നു.

സംഭവബഹുലമായ രണ്ടാഴ്ച. തോളിനു മുകളിലൂടെയും കൈക്കിടയിലൂടെയും കണ്ണാടി ഉപയോഗിച്ച്‌ ഞാൻ PP യെ നിരീക്ഷിക്കാൻ തുടങ്ങി  .മൊബൈലിൽ photo എടുത്ത് നോക്കി സംഭവം വളർന്നു ഗ്ലാമർ ആയിരിക്കുന്നു.അവളുടെ വയറിനോട് മത്സരിച്ചു PP യും വളർന്നിരിക്കുന്നു.

“ഭാര്യയെ സ്നേഹിക്കുന്നവർ PP എങ്ങനെ വേണ്ടെന്ന് വയ്ക്കും?  “അതായി എന്റെ അവസ്ഥ

ഡെലിവറി ഡേറ്റ് ആയി. സിസേറിയൻ ആണ്. പക്ഷേ അത് അവളെ തീരെ അലട്ടുന്നതായി തോന്നിയില്ല.

“അത് വലുതായി..പഴുക്കാൻ തുടങ്ങി “

“വിചാരിച്ച പോലെ അല്ല.. എന്നോട് സ്നേഹം ഉണ്ട് “ഇത്  ഇടക്കിടക്ക് പറഞ്ഞ് കൊണ്ടിരുന്നു. സ്നേഹവും പ്രണയവും പൂവായും ചോരയിൽ എഴുതിയ കത്തായും കാർഡായും ഒക്കെ പ്രകടിപ്പിക്കുന്നത് കണ്ടിട്ടുണ്ട്.. ഇത് വെളിയിൽ പറയാൻ കൊള്ളാമോ.. PP..വഴി.. ഛേയ്.. !!!പഞ്ചബാണന്റെ അമ്പ് കൊണ്ട സ്ഥലം കൊള്ളാം !!!

അഞ്ചാം നിലയിലാണ് അഡ്മിഷൻ കിട്ടിയത്.പലപ്പോഴും ലിഫ്റ്റ് കിട്ടാറില്ല. നടന്ന് സ്റ്റെപ്പ്  കയറണം. PP കാരണം വലത് കാൽ നിലത്ത് കുത്താൻ വയ്യ. അത് കാരണം നടക്കുമ്പോൾ ഞാൻ മമ്മൂക്ക സ്റ്റൈൽ ആയി. ദോഷം പറയരുത് ഇരിക്കുമ്പോൾ ലാലേട്ടൻ ആണ്.വലത് വശം സീറ്റിൽ ഉറപ്പിക്കാതെ ഇടത്തോട്ട് ചരിഞ്ഞു ലാലേട്ടൻ സ്റ്റൈൽ..  ബന്ധുക്കൾ അറിയാതെ നോക്കണം, അല്ലെങ്കിൽ വിശദീകരിക്കേണ്ടി വരും. ഞാൻ മമ്മൂക്കയും ലാലേട്ടനുമായി പകർന്നാടി. ആരും ഒന്നും അറിഞ്ഞില്ല.

ഭാര്യ ലേബർ റൂമിൽ കയറി. എനിക്കിനി പിടിച്ച് നിൽക്കാൻ ആവില്ല. PP ഒരു അഗ്നി ഗോളമായി മാറിക്കഴിഞ്ഞു. ഞാൻ അളിയനെ വിളിച്ചു. അതേ ഹോസ്പിറ്റലിലെ ഡോക്ടർ ആണ്. കാര്യം അറിഞ്ഞ അളിയൻ ആയുധങ്ങളും മരുന്നുമായി റൂമിൽ വന്നു. PP കീറാൻ തുടങ്ങി..

അവിടെ പ്രസവം ഇവിടെ PP….ഇവിടെ PP അവിടെ പ്രസവം.ഒടുവിൽ അളിയനിലെ ഡോക്ടർ PP യിലെ P വെട്ടി മാറ്റി എന്റെ സ്വന്തം P മോചിപ്പിച്ചു.അതേ സമയം ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. എന്റെ P യിൽ അളിയൻ ഒരു താജ്മഹൽ പണിതു. ബർഗർ വലിപ്പത്തിൽ ഒരു കെട്ട്.

ഞാൻ ലേബർ റൂമിലേക്ക് നടന്നു, ആശ്വാസമുണ്ട്.വേദന കുറഞ്ഞിരിക്കുന്നു.  ഇപ്പോൾ മമ്മൂക്കയില്ല.. ദുൽക്കർ മാത്രം

കൂടി നിൽക്കുന്ന ബന്ധുക്കളുടെ അടുത്തെത്തി.

“ആൺകുട്ടി ആണ് “ഒരു നേഴ്സ് പറഞ്ഞു

“congratulations” പന്തം കെട്ടിയ P യിലേക്ക് ആഞ്ഞടിച്ചു കൊണ്ട്  വകയിലൊരു കാരണവർ പറഞ്ഞു. കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു. അമ്മാവന് താൻ എന്തിലാ തൊട്ടതെന്നു മനസ്സിലായില്ല. “ഞാനേ തൊട്ടുള്ളൂ, ഞാൻ മാത്രമേ തൊട്ടുള്ളൂ ” ലൈനിൽ അത്ഭുത ജീവിയെ പോലെ എന്നെ നോക്കി.

**********                                      *******

മോനെ കയ്യിലെടുത്തു് ഞാൻ അവളുടെ അടുത്ത് നിന്നു. ദൃതംഗ പുളകിത ആയി അഭിമാനത്തോടെ അവൾ എന്നെ നോക്കി. ബർഗർ P യിൽ പതിയെ തലോടി. “വിചാരിച്ച പോലെ ആല്ല എന്നോട് സ്നേഹം ഉണ്ട് “

മൂന്ന്.. വൈകി വന്ന വേദന

ടപ്പ്.. വീണ്ടും അതേ ശബ്ദം.. അതേ ബാഗ്.. അതേ സെക്യൂരിറ്റി.. അതേ സോറി.. അതേ സൗദിയും ഖത്തറും.. പെട്ടന്ന് എന്നെ അഞ്ചാം നിലയിലേക്ക്  വിളിച്ചു. അങ്ങോട്ട് ഓടുന്നതിനിടയിൽ ഞാൻ ആലോചിച്ചു ഇത്തവണ എന്തായാലും വേദന ഒന്നും വന്നില്ല, അവൾ വരുമ്പോൾ കഠിനമായ വയറു വേദന അഭിനയിക്കാം.

കുഞ്ഞിനെ സുന്ദരിയായ ഒരു നേഴ്സ് ഒരു ചെറിയ  ഗ്ലാസ്‌ പെട്ടിയിൽ കിടത്തി ഉരുട്ടി കൊണ്ട് വരുന്നുണ്ട്.

“ആൺ കുട്ടിയോ പെൺ കുട്ടിയോ? ” ഞാൻ ചോദിച്ചു

“പറയാം “സിസ്റ്റർ ഒരേ സസ്പെൻസ്

“അതെന്താ സിസ്റ്ററെ പറയാത്തെ “

എന്നെ ചരിഞ്ഞു നോക്കി സിസ്റ്റർ പറഞ്ഞു

“വെയിറ്റ് “

“വല്ല കുഴപ്പവും “

വീണ്ടും “വെയിറ്റ് “

അത്രക്കായോ. ഗ്ലാസ്‌ പെട്ടിയുടെ സൈഡിൽ ഒരു ദ്വാരം ഉണ്ട് കഷ്ടിച്ച് കൈ കടക്കും. പതിയെ കൈ കടത്തി തപ്പി നോക്കി. വീണ്ടും ആൺ കുട്ടി..

“കൊച്ചിന്റെ പൊക്കിൾ മടക്കി വച്ചിരിക്കുന്ന ക്ലിപ്പ് വലിച്ചൂരുന്നോ? “സിസ്റ്റർ ചീറി

“സോറി.. ക്ലിപ്പായിരുന്നല്ലേ? “

അപ്പോഴേക്കും നടന്ന് ഞങ്ങൾ റൂമിലെത്തി. സിസ്റ്റർ കൊച്ചിന്റെ തുണി മാറ്റി കാണിച്ചു.

“എന്താ കുട്ടി? ” ചോദ്യം ഇത്തവണ  എന്നോടാണ്

“ആൺകുട്ടി.. എന്താ അല്ലേ? “

“അതേ “

“പിന്നെന്താ  ചോദിച്ചത്? “

“ഇത് ഞങ്ങളുടെ പ്രോട്ടോകോൾ ആണ് “

പിന്നെയാണ് പ്രോട്ടോക്കോളിന്റെ രഹസ്യം മനസ്സിലായത്. കഴിഞ്ഞ ആഴ്ചയിൽ ഒരു നേഴ്സ് പുറത്ത് വന്ന് പറഞ്ഞത് ആൺകുട്ടി എന്നാണ്. പക്ഷേ ശരിക്കും കുട്ടി പെണ്ണായിരുന്നു. കുട്ടിയെ മാറ്റിയതായി പറഞ്ഞ് വിവാദമായി. അതിന് ശേഷം കുട്ടിയെ കൊണ്ട് വന്ന് കർട്ടൻ മാറ്റി  കാണിക്കും.ബന്ധുക്കൾ കണ്ട് മനസ്സിലാക്കണം. ആശുപത്രിക്കാർ ക മാ ന്ന് മിണ്ടില്ല. നല്ല പ്രോട്ടോകോൾ..

ഭാര്യയെ വൈകിട്ടേ  കൊണ്ട് വരൂ. ബന്ധുക്കളുടെ സ്വീകരണം ഏറ്റ് വാങ്ങി ഞാൻ ഹോസ്പിറ്റലിൽ തന്നെയുള്ള എന്റെ റൂമിലേക്ക് നടന്നു, ഇത്തവണ കൈ വീശി സുരേഷ് ഗോപി സ്റ്റൈലിൽ.. നല്ല ക്ഷീണം. ടി. വി. ഓൺ ചെയ്തു.

“സ്വർണ വില പിന്നെയും കൂടി ” ന്യൂസ്‌. കൂടട്ടെ കൂടി കൂടി ചെക്കന്മാർ കെട്ടാറാവുമ്പോൾ  പവന് രണ്ട് ലക്ഷം ആവട്ടെ. ഞാൻ കിടന്നു.. ഒരു സിഗരറ്റ് കത്തിച്ചു… മധുരം.. മനോഹരം..പിന്നെ  മനോജ്ഞവും..

പെട്ടെന്ന് തലയിലേക്ക് കുടം കണക്കിന് വെള്ളം.. കാതടപ്പിക്കുന്ന സൈറൺ..

ഭൂമികുലുക്കം? സുനാമി? ബോംബ്? സ്വപ്നമാണോ?

അല്ല സ്‌മോക്ക് ഡിറ്റക്ടർ.. പുകയടിച്ചു അവൻ ഓണായി.. പനിനീരും തളിച്ച്.. സൈറണും ഇട്ടു..

ആളുകൾ ഓടി കൂടി. അവരുടെ ഇടയിൽ ഒരു കുറ്റവാളിയെ പോലെ ഞാൻ നിന്നു.ഡയലോഗുകൾ ഒന്നൊന്നായി വന്ന് തുടങ്ങി.

“ഇതൊരു ഹോസ്പിറ്റൽ ആണെന്നുള്ള വിചാരമുണ്ടോ ഇയാൾക്ക് “

“നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ “

എന്റെ സൈലന്റ് മോഡ് ഓൺ ആയി

“പോലീസിൽ ഏൽപ്പിക്കണം “

എന്റെ  വൈബ്രേഷൻ മോഡ് ഓൺ ആയി. ആരാ അത് പറഞ്ഞത്? പഴയ ആ സെക്യൂരിറ്റി ആണ്.. സൗദിയുടെ കലിപ്പ് തീരുന്നില്ലല്ലോ.

“കണ്ടാൽ എന്തൊരു മാന്യൻ ഓരോരുത്തൻമാര് വന്നോളും മെനക്കെടുത്താൻ “

ഞാൻ ഫ്ലൈറ്റ് മോഡായി.റേഞ്ച് ഒക്കെ പോയി..

Vinod.S

- Advertisment -

Most Popular