2002ലെ കാര്യം ആണ് കേട്ടോ. ഞാൻ പോളിടെക്‌നിക് പഠിക്കുന്ന കാലം. അതായത് 18വയസ് ആയിട്ട് ലൈസൻസ് എടുക്കാത്തതിൽ വീട്ടിൽ യുദ്ധം നടക്കുന്ന കാലം.
റോഡിൽ നിർത്തിയിട്ടിരിക്കുന്ന ലോറിക്ക് തന്നെ കാലന്റെ ഒരു ഛായ ഉള്ളപോലെ ആണ് തോന്നുന്നത്. Car നെ പറ്റി ആകെ അറിയുന്നത് ഡോർ അടയ്ക്കാനും തുറക്കാനുമാണ്. Scooty ടെ പുറകിൽ ചുമ്മാ ഇരുന്ന് പോകാനും അറിയാം. Gear ഇടാൻ മാത്രം പഠിച്ചാൽ കാർ ഓടിക്കാമെന്നും ഒരു switch മാത്രം ഇട്ടാൽ ബാക്കി എല്ലാം scooty ചെയ്തോളും എന്നും പറഞ്ഞ് പിതാശ്രീയും മാതാശ്രീയും ആകെ അലമ്പ്.
അങ്ങനെ രണ്ടുപേരുടെയും നിർബന്ധത്തിനു വഴങ്ങി, വീടിനു അടുത്ത് ഉള്ള ഡ്രൈവിംഗ് സ്കൂളിൽ ചേർന്നു. പിതാശ്രീക്ക് പരിചയമുള്ള ഒരു ചേട്ടനും പുള്ളിയുടെ ഭാര്യയും ആണ് പഠിപ്പിക്കുന്നത്. പോളിടെക്‌നിക് പഠിക്കുവാണെങ്കിലും യന്ത്രങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയൊന്നും എനിക്ക് യാതൊരു അറിവും ഇല്ലെന്ന് അവർക്കു അധികം വൈകാതെ തന്നെ മനസിലാക്കിക്കൊടുത്തു.
കൂട്ടനിലവിളിയും, കണ്ണുരുട്ടലും, അടിപിടിയും ഒക്കെ ആയി മാറിമാറി ഭാര്യാഭർത്താക്കന്മാർ പരിശീലനം തരുന്നുണ്ട്. Scooty ടെ മാഷ് പിതാശ്രീ തന്നെയാണ്. വെളുപ്പിനെ വിളിച്ചുണർത്തി റോഡിലും അല്ലാത്ത നേരങ്ങളിൽ വീടിലും ഒക്കെയായി പഠിപ്പിച്ചു പീഡിപ്പിക്കുന്നു. അങ്ങനെ എന്റെ വിശ്രമവേളകളെല്ലാം ദുസ്വപ്നം ആക്കിക്കൊണ്ടു ഇരുടീമും മുന്നേറിക്കൊണ്ടിരുന്നു.
Theory test പാസ്സ് ആയതിന്റെ learners license അലമാരയിൽ വിശ്രമിക്കുന്നുണ്ട് കേട്ടോ.
Car പഠനം ഏതാണ്ട് തീരുമാനത്തിലായി. കുത്തിനിർത്തിയ കമ്പികളിൽ തട്ടാതെ ‘H’എടുക്കാൻ, ഗ്ലാസിൽ ഒട്ടിച്ച പേപ്പറും ഗ്രൗണ്ടിലെ കമ്പിയും നേർക്കുനേർ വരണം.അല്ലാതെ എന്തെങ്കിലും ചെയ്താൽ ഗ്രൗണ്ടിലിട്ട് ഇടിക്കും എന്ന് ഭീഷണി ഉണ്ട്. Scooty ഓടിക്കുമ്പോൾ വിറയൽ, കാറ്റ് അടിച്ചു കണ്ണ് ഇറുക്കിപ്പിടിച്ചു ഓടിക്കൽ,ആൾക്കാരെ കാണുമ്പോൾ ചിരി.. ഇതൊക്കെ ആണ് അവസ്ഥ.
ലൈസൻസ് ടെസ്റ്റ് ന് 3ദിവസമേ ബാക്കി ഉള്ളൂ. പോളിയിൽ സമരമായകൊണ്ടു ഒരു കൂട്ടുകാരിയേം കൂട്ടി ഞാൻ വീട്ടിൽ വന്നു. അവളെയും കൂട്ടി അടുത്തുള്ള ഇടവഴിയിൽ scooty പരിശീലനത്തിനിറങ്ങി. രണ്ടുമൂന്നു വട്ടം ഓടിച്ചു. എന്ത് പറ്റിയോ, നന്നായി ഓടിക്കുന്ന എന്നെ ഓർത്തു ഞാൻ തന്നെ അഭിമാനിച്ചു. അതിന്റെ ഫലമായി ആത്മവിശ്വാസം കൂടി. ഉച്ച സമയം ആണ്. അവളെയും പുറകിലിരുത്തി NH കടന്ന് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിലോട്ട് പോകാം. അവിടെ ഇപ്പോൾ വിജനമായിരിക്കും. വിശദമായി scooty പഠിക്കാനും പറ്റും. അവൾക്കും സമ്മതം. അങ്ങനെ മായാവി രാജുവിനേം കൊണ്ട് പോകുന്നപോലെ ഗ്രൗണ്ടിലേക്ക് പാഞ്ഞു.
ഗ്രൗണ്ട് തൊട്ടടുത്തു തന്നെയാണ്. ഗ്രൗണ്ടിന് താഴെ ശിവക്ഷേത്രം ആണ്. ഗ്രൗണ്ടിന് ചുറ്റും ഇറക്കമുള്ള ഒരു റോഡ് വളഞ്ഞു കിടപ്പുണ്ട്. അങ്ങനെ ആ ഇറക്കമുള്ള റോഡിലേക്ക് scooty പ്രവേശിച്ചു. പെട്ടെന്ന് ഒരു കൈ scooty ടെ മുന്നിൽ പ്രത്യക്ഷമായി. ആരാണെന്നല്ലേ… ‘ഒരു പ്വാ ലീ സ്….. ‘!!!!
അടിയന്തര ഘട്ടങ്ങളിൽ break ന് പകരം accelerator പിടിക്കുന്ന അസുഖം ഉള്ള ആൾ ആണ് ഞാൻ. അന്ന് എന്തായാലും break തന്നെ പിടിച്ചു. വണ്ടി നിർത്തി. ഞാനും അവളും ഇറങ്ങി. അമ്പലത്തിലെ വെടി ശബ്ദത്തേക്കാൾ ഉറക്കെ നെഞ്ചിടിക്കുന്നുണ്ട്. കുനിഞ്ഞു നിക്കുവാണെങ്കിലും ഓട്ടക്കണ്ണിട്ട് പോലീസിനെ നോക്കി. നമ്മൾ ആരെയോ കൊള്ളയടിച്ചിട്ട് രക്ഷപ്പെടാൻ നോക്കിയപ്പോൾ ആക്രമിച്ചു കീഴ്പ്പെടുത്തിയ ഭാവമാണ് പുള്ളിക്ക്. “ലൈസൻസ് ഉണ്ടോ “…പോലീസിന്റെ ചോദ്യം. “വീട്ടിൽ learners license ഉണ്ട്. കയ്യിൽ ഇല്ല. “എന്റെ വക മറുപടി. “എന്നിട്ടാണോ ഈ റോഡിൽ ഓടിച്ചു വന്നത്? “അടുത്ത ചോദ്യം.
പെട്ടെന്ന് ഒരു കാർ വന്നു നിന്നു. പുരാണ സീരിയലിലെ വിശ്വാമിത്രന്റെ ശരീരഭാഷയിൽ ഒരാൾ കുതിച്ചു പാഞ്ഞു വരുന്നുണ്ട്. കയ്യിൽ വടിക്കും കുടത്തിനും പകരം ഒരു paper. പിതാശ്രീ learners ലൈസൻസ് കൊണ്ട് വന്ന സീൻ ആണ്. വീട്ടിൽ പറയാതെ ആണ് ഗ്രൗണ്ടിലോട്ട് വന്നതെങ്കിലും പിതാശ്രീടെ ക്യാമെറക്കണ്ണുകൾ എല്ലാം കാണുന്നുണ്ടായിരുന്നു എന്ന് മനസിലായി. എന്തായാലും പോലീസും പിതാവും കൂടെ പ്രശ്നപരിഹാരത്തിലെത്തി. തുടർന്ന് രണ്ടുദിവസത്തേക്ക് ഇതും പറഞ്ഞ് ചെവിക്ക് ചാകര ആയിരുന്നു.
അങ്ങനെ ആ ദിവസം വന്നെത്തി. ലൈസൻസ് ടെസ്റ്റ് ന്റെ ദിവസം. ‘8’എടുക്കാൻ റെഡി ആണെന്ന ഭാവത്തിൽ ഞാൻ മുട്ടുവിറച്ചു നിൽക്കുന്നുണ്ട്. ഗ്രൗണ്ട് നിറയെ ആൾക്കാരുണ്ട്. എന്റെ ഊഴം ആയി. ചിരിയും കരച്ചിലും വരുന്നുണ്ട്. പേടിച്ചിട്ട് നടന്നിട്ട് നീങ്ങുന്നില്ല. അപ്പോഴാണ് ‘എട്ട് ‘.
എന്തായാലും സ്കൂട്ടിയിൽ കയറി. പതിയെ ഓടിക്കാൻ തുടങ്ങി.smooth ‘8’ഒന്നുമല്ല. വലതു കൈക്ക് പകരം ഇടതു കൈ കൊണ്ട് ‘8’എഴുതുന്ന പോലെ വിറച്ചു വിറച്ച്. ‘8’ന്റെ ആദ്യത്തെ വട്ടം പൂർത്തിയാക്കി. ഒരു ധൈര്യം വന്നു. അടുത്ത വട്ടം തുടങ്ങുന്നതിനു മുൻപ് ചുമ്മാ ഒന്ന് തല പൊക്കി എല്ലാവരെയും നോക്കി. ഒന്നേ നോക്കിയുള്ളൂ… കൃഷ്ണമണി ഇളകി വെളിയിൽ പോയി രണ്ടു വട്ടം കറങ്ങി തിരികെ വന്നു. അതാ നിൽക്കുന്നു, അന്നത്തെ അതേ പോലീസ്. അതോടുകൂടി അടുത്ത ‘8’ന്റെ ബാക്കിയുള്ള വട്ടം എടുക്കേണ്ടി വന്നില്ല.അത് നേരെ അങ്ങ് പോയി. ‘8’ഇപ്പോൾ ‘9’പോലെ ആയി. പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് സ്മരിച്ചുകൊണ്ട് കാലുകുത്തി പോലീസിന്റെ മുന്നിൽ scooty നിർത്തി. “‘8 എടുക്കാൻ അറിയില്ലെങ്കിലും ആളെ ഇരുത്തി ഓടിക്കാൻ അറിയാം അല്ലേ.. “എന്ന് ഒരു അശരീരി കേട്ടു. അങ്ങനെ’8’എടുക്കാൻ പോയി എട്ടിന്റെ പണിയും കിട്ടി വീട്ടിലെത്തി.
‘ H’ആദ്യത്തെ വട്ടം തന്നെ എന്തായാലും ശെരിയായി. ‘8’അടുത്ത വട്ടം ആണ് കിട്ടിയത്. എന്നാലും എന്റെ ഡ്രൈവിങ്‌ന്റെ ഗുണം കൊണ്ട് ജയിലിൽ കിടക്കേണ്ടി വരുമെന്ന് മനസിലാക്കിയ പിതാശ്രീ “ഇനി വണ്ടിയിൽ തൊട്ടാൽ കൈ വെട്ടും “എന്ന് പറഞ്ഞു. അത് കേട്ട് ഞാൻ ആനന്ദനൃത്തമാടി. അതിൽപിന്നെ നാട്ടിലെ റോഡുകളിൽ എന്റെ കഴിവ് മൊത്തം പുറത്തെടുക്കാൻ എനിക്ക് അവസരം കിട്ടിയില്ല സൂർത്തുക്കളേ ….
Soumya Sherin