കൂട്ടുകാരേ,
കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ രാജ്യമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ, ആൾക്കാരെല്ലാം വീടുകളിൽ തന്നെ കഴിഞ്ഞു കൂടുകയാണ്. ആഹാരസാധനങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയ്‌ക്കെല്ലാം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമുക്ക് ഈ അവസരത്തിൽ നമുക്കവശ്യമായ പച്ചക്കറികൾ എങ്കിലും സ്വന്തമായി കൃഷിചെയ്യാൻ ശ്രമിക്കാം.
ലോക്ക്ഡൗൺ ആയത് കൊണ്ട് അന്യസംസ്ഥാനത്തുനിന്ന് പച്ചക്കറികൾ വരുന്നില്ല, അഥവാ വന്നാൽ തന്നെ അമിതമായ വിലയാണിപ്പോൾ ഈടാക്കുന്നത്. അതുകൊണ്ട് സ്വന്തമായി പച്ചക്കറികൾ കൃഷി ചെയ്യേണ്ടത് ആവശ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? ചെറിയൊരു അടുക്കളത്തോട്ടം നിർമിച്ചാലോ? അതിൽ ചീര, വെണ്ട, പയർ, പച്ചമുളക്, തക്കാളി, പാവൽ എന്നിവ കൃഷി ചെയ്യാം. കൂടാതെ ഗ്രോ ബാഗുകളിലും പച്ചക്കറി വിത്തുകൾ നട്ടു വളർത്താൻ കഴിയും. വളമായി ചാണകവും ചാരവും ഉപയോഗിക്കാം. അടുക്കളയിൽ നിന്നും പാത്രം കഴുകുന്ന വെള്ളവും, തുണി കഴുകുന്ന വെള്ളവും തോട്ടം നനയ്ക്കാൻ ഉപയോഗിക്കാം. കീടനാശിനിയായി സോപ്പുവെള്ളം, പുകയിലവെള്ളം എന്നിവ കലർത്തി ഉപയോഗിക്കാം. യാതൊരുവിധ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ കൃഷി ചെയ്‌തെടുക്കുന്ന പച്ചക്കറികൾ നൂറു ശതമാനവും പോഷണഗുണമുള്ളതും ശുദ്ധവുമാണ്.
എല്ലാദിവസവും ഒരുമണിക്കൂർ ഈ തോട്ടത്തിന് വേണ്ടി ചിലവഴിക്കാം. വെള്ളം നനയ്‌ക്കൽ, കള പറിയ്ക്കൽ എന്നിവയെല്ലാം നമുക്ക് തന്നെ ചെയ്യാം. ഇങ്ങനെ വലിയ പ്രയത്നം ഇല്ലാതെ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ നമുക്ക് തന്നെ ഉൽപാദിപ്പിക്കാം. എന്റെ വീട്ടിലെ കൃഷി സ്ഥലത്ത്, അമ്മൂമ്മ പരിപാലിക്കുന്ന പച്ചക്കറി തോട്ടത്തിൽ പയർ, ചീര, വാഴ, വഴുതന, പച്ചമുളക്, വെണ്ട, ചേന, ചേമ്പ്, നനകിഴങ്ങ് എന്നിവയ്ക്ക് എല്ലാ ദിവസവും ഞാൻ അമ്മുമ്മയോടൊപ്പം പോയി ചെടി പരിപാലിക്കാനും, വിത്തുനടാനും, വെള്ളം ഒഴിക്കാനും സഹായിക്കുന്നു. നിങ്ങളും ഇതു പോലെ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ തുടങ്ങിക്കോളൂ. നമുക്ക് ലഭിച്ചിരിക്കുന്ന ഈ സമയം പൂർണ്ണമായി പ്രയോജനപ്പെടുത്തി ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ മുന്നിട്ടിറങ്ങാം. എല്ലാ ആശംസകളും നേരുന്നു.