ആറ്റിങ്ങൽ ദേശീയ പാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി വെയ്ക്കുകയാണ്. നിലവിൽ പൂവൻപാറ ഹോമിയോ ആശുപത്രി മുതൽ കച്ചേരി ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇടതുവശം ആധുനിക രീതിയിൽ വീതി കൂട്ടി ടാറിങ് നടത്തുകയാണ്. ടാറിങ് ഇന്ന് പൂർത്തിയാകും. നാളെ മുതൽ ഗതാഗത ക്രമീകരണം ഇല്ലാതെ ദേശീയ പാതയിലൂടെ വാഹനങ്ങൾ കടത്തി വിടും. റോഡ് നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഹോമിയോ ആശുപത്രിയുടെ മുൻവശത്ത് നിന്നും നാലുമുക്ക് ജംഗ്ഷൻ വരെ വൺ വേ ആക്കി ആറ്റിങ്ങലിൽ നിന്ന് കൊല്ലം ഭാഗത്തേക്കുള്ള യാത്രക്കാരെ കൊല്ലമ്പുഴ – മണനാക്കിലൂടെ ആലംകോട് വഴിയാണ് കടത്തി വിട്ടിരുന്നത്. ഈ ക്രമീകരണം നാളെ മുതൽ ഉണ്ടാകില്ല. ദേശീയ പാതയിലൂടെ തന്നെ ആറ്റിങ്ങലിലേക്കും കൊല്ലം ഭാഗത്തേക്കും പോകാൻ കഴിയും.
ഓണം കഴിയുന്നത് വരെ ഗതാഗത ക്രമീകരണം ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സംഘടനകൾ ആവശ്യപ്പെട്ടത് കൂടി പരിഗണിച്ചാണ് ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ആദ്യഘട്ടം റോഡ് വികസനത്തിന്റെ ഭാഗമായി 900 മിറ്റർ നീളത്തിലും 8 മീറ്റർ വീതിയിലുമാണ് ഹോമിയൊ ആശുപത്രി മുതൽ കച്ചേരി ജംഗ്ഷൻ വരെയുള്ള റോഡിന്റെ ടാറിങ് നടത്തുന്നത്. രണ്ടും മൂന്നും ഘട്ടങ്ങൾ കൂടി പൂർത്തിയാകുമ്പോൾ പൂവൻപാറ മുതൽ മൂന്നുമുക്ക് വരെ നാലുവരിയായി മാറും. അതോടെ ആറ്റിങ്ങൽ നിവാസികളുടെ എക്കാലത്തെയും സ്വപനം സഫലമാകും. ഓണം കഴിയുന്നതോടെ അടുത്ത ഘട്ടങ്ങൾ ആരംഭിക്കുമെന്നാണ് വിവരം.