ഇടയ്ക്കോട് കട്ടയിൽകോണം പാടശേഖരത്തിലെ പാട്ടത്തിനെടുത്ത വയലിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കൃഷി ഇറക്കി.
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ചായിരുന്നു കുട്ടി കർഷകസംഘം ഞാറുനട്ടത്. അഞ്ചു വർഷം മുൻപ് തരിശു കിടന്ന പാടം ഏറ്റെടുത്ത് നെൽകൃഷി നടത്തിത്തുടങ്ങിയ കേഡറ്റുകൾ ഒരു വർഷവും കൃഷി മുടക്കിയിട്ടില്ല.
കേഡറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാട്ടുകാർ കട്ടയിൽകോണം പാടത്ത് തരിശു കിടന്ന മുഴുവൻ കണ്ടങ്ങളിലും നെൽകൃഷി ആരംഭിച്ചു. ഉമ ഇനത്തിൽപ്പെട്ട നെൽവിത്താണ് ഇത്തവണ കൃഷിക്കുപയോഗിച്ചത്. മുദാക്കൽ കൃഷിഭവൻ്റെയും മുതിർന്ന കർഷകനായ രഘുനാഥൻ്റെയും പാടശേഖരസമിതി സംഘാടകനായ ശശിധരൻ്റെയും നിർദ്ദേശങ്ങളും സഹായങ്ങളും കേഡറ്റുകൾക്കുണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലയിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ നോഡൽ ഓഫീസർ വി.എസ്. ദിനരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ. പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കൃഷി ഫീൽഡ് ഓഫീസർ മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഞാറുനടീൽ എല്ലാവരേയും പങ്കെടുപ്പിച്ച് വലിയ ആഘോഷമാക്കി നടത്താൻ പറ്റാത്തതിൻ്റെ വിഷമത്തിലാണ് കേഡറ്റുകൾ