23.8 C
Attingal
Tuesday, January 28, 2025
HomeNews"വോട്ടറിവ് 2021" ബോധവൽക്കരണ പ്രചരണവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ

“വോട്ടറിവ് 2021” ബോധവൽക്കരണ പ്രചരണവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ

ആറ്റിങ്ങൽ: തിരുവനന്തപുരം റൂറൽ ജില്ലയിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന വോട്ടറിവ് 2021 എന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ സൈക്കിൾ റാലിയും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു.

‘വോട്ട് ചെയ്യാം ജനാധിപത്യത്തിൻ്റെ കാവലാളാകാം’ എന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായിട്ടാണ് ജില്ലയിലുടനീളം കേഡറ്റുകൾ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് മുഴുവൻ വോട്ടർമാരേയും പോളിംഗ് ബൂത്തിൽ എത്തിക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങളും ഹരിത പ്രോട്ടോകോളും പാലിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും ലഘുലേഖകൾ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തു.

കോവിഡ് മഹാമാരിയുടെ കാലത്ത് നിയന്ത്രണങ്ങൾ വിസ്മൃതിയിലായിരിക്കുന്ന ഇക്കാലത്ത് ജനാധിപത്യ സംവിധാനത്തിൽ നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പിൻ്റെ ആവശ്യകതയും മഹത്യവും വോട്ടറുടെ ശക്തിയും വോട്ടിൻ്റെ മൂല്യവും മുതിർന്നവരെ ബോധ്യപ്പെടുത്തുകയാണ് വോട്ടറിവ് 2021 എന്ന പരിപാടിയിലൂടെ കുട്ടിപ്പോലീസ് ചെയ്യുന്നത്.

ഏപ്രിൽ 1ന് ആരംഭിച്ച പ്രചരണ പരിപാടിയിൽ കേഡറ്റുകൾ അവരവരുടെ വീടിനു സമീപത്തെ ഇരുപത് വീടുകൾ വീതം സന്ദർശിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും. കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീജൻ ജെ.പ്രകാശ് എന്നിവർ നേതൃത്വം നൽകി.

- Advertisment -

Most Popular